Posts

വിവാഹം കഴിഞ്ഞിട്ട് ഇത്ര നാളായെങ്കിലും എന്റെ ജീവിതം ഒരു പൂർണ്ണതയിലേക്ക് എത്തിയിരുന്നില്ല...

വിവാഹം കഴിഞ്ഞിട്ട് ഉള്ള എന്റെ ജീവിതം ഒരു പൂർണത എല്ലാത്തതാണ്... അതിന്റെ കാരണം ഇനി എന്റെ കുഴപ്പം ആയിരിക്കുമോ...

വിവാഹം കഴിഞ്ഞ് ഒരാഴ്ചയോളം കഴിഞ്ഞു. ഇപ്പോഴും പുതിയ സാഹചര്യങ്ങളോട് തീർത്ഥ പൂർണമായും ഇണങ്ങിയിട്ടില്ല. അവളുടെ സ്വഭാവവും രീതികളുമെല്ലാം നേരത്തെ തന്നെ കൃഷ്ണമൂർത്തി പറഞ്ഞ് അറിയാവുന്നത് കൊണ്ട് തൃദീപിനോ വീട്ടുകാർക്കോ അവളെ ഉൾക്കൊള്ളാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ഒതുങ്ങിയ സ്വഭാവം ആണെങ്കിലും എപ്പോഴും തന്നോട് ചേർന്ന് നിൽക്കുന്ന, എന്താ അമ്മേ എന്ന് ചോദിച്ചുകൊണ്ട് പുറകെ നടക്കുന്ന മരുമകളോട് ലളിതയ്ക്ക് സ്നേഹത്തേക്കാൾ വാത്സല്യമായിരുന്നു.

അയ്യർക്കും അവളോട് പ്രിയമായിരുന്നു. പുതുമോടികളുടെ ഉണർവില്ലാത്ത ദമ്പതികൾ ആയിരുന്നു തൃദീപും തീർത്ഥയും. പ്രിയപ്പെട്ടവളോട് അടുത്ത് സംസാരിക്കാൻ, കൊഞ്ചലോടെ ചേർന്നിരിക്കാൻ, അവളുടെ മടിത്തട്ടിൽ കിടന്ന് സ്വപ്‌നങ്ങൾ കാണാൻ, കുസൃതികൾ കാട്ടാൻ, അവളിൽ കുറുമ്പ് നിറയ്ക്കാൻ, രാവേറെ കഥകൾ ചൊല്ലുവാൻ, തന്റെ സാമീപ്യത്താൽ അവളുടെ കവിളിണകളിൽ ചുമപ്പ് രാശി പടർത്താൻ, തന്റെ പ്രണയത്താൽ അവളുടെ മനസ്സിനെ ശ്വാസം മുട്ടിക്കാൻ, ഒടുവിൽ ആര്യ തീർത്ഥത്തിൽ മുങ്ങി നിവർന്ന് അവളോടൊത്ത് ഒരു പുഴയായി ഒഴുകാൻ ഇടയ്ക്കൊക്കെ തൃദീപും ആഗ്രഹിച്ചിരുന്നു. എന്നിരുന്നാലും അവളിലെ പെണ്ണിനെ ഉൾക്കൊണ്ട് അവൾക്കായി കാത്തിരിക്കാൻ അവൻ തയ്യാറായി.

വിവാഹത്തോട് അനുബന്ധിച്ച് എടുത്ത ഒഴിവുകൾ തീരാൻ ദിവസങ്ങൾ ഇനിയും ശേഷിക്കുന്നുണ്ട്. അതുകൊണ്ട് അവൻ വീട്ടിൽ തന്നെയുണ്ടായിരുന്നു. രാവിലെ കുളിയെല്ലാം കഴിഞ്ഞ് മുറിയ്ക്ക് പുറത്തേക്കിറങ്ങുമ്പോൾ അടുക്കളയിൽ അന്വേഷിച്ചവൾ ഇല്ലായിരുന്നു. പുറത്ത് കോലമിടുന്നുണ്ടാകും എന്ന് ചിന്തിച്ച് ഫ്ലാസ്കിൽ നിന്ന് ചായ പകർന്നെടുത്ത് അവൻ ഉമ്മറത്തേയ്ക്ക് ചെന്നു. പ്രതീക്ഷിച്ചത് പോലെ ഉമ്മറത്ത് ഈറൻ മുടിയിഴകൾ ഒതുക്കി കെട്ടിവെച്ച് ഒരു ചുരിദാറിൽ അവൾ നിൽപ്പുണ്ടായിരുന്നു. അരിപ്പൊടി കൊണ്ട് മനോഹരമായി കോലം വരയ്ക്കുവാണവൾ. ആ കാഴ്ച്ച കുറച്ച് നേരം അവൻ നോക്കി നിന്നു.

“സഹായിക്കണോ തീർത്ഥെ ഞാൻ?.”

പുറകിൽ ദീപിന്റെ സാന്നിധ്യമറിഞ്ഞവൾ തലയുയർത്തി നോക്കി. പിന്നെ പതിഞ്ഞൊരു പുഞ്ചിരി അവനായി നൽകി.

“വേണ്ട ദീപേട്ടാ. കഴിഞ്ഞു.”

വേഗത്തിൽ വരച്ചു തീർത്തവൾ എണീറ്റു.

“ഇവിടെയൊക്കെ ഇഷ്ടമായോ. മ്മ് ”

“ഇഷ്ടായി ”

“പിന്നെന്താ എപ്പോഴും ഇങ്ങനെ മിണ്ടാതെ നിൽക്കുന്നെ ”

“എനിക്ക് അധികം സംസാരിക്കാൻ അറിയില്ല ”

നിഷ്കളങ്കതയോടെ തീർത്ഥ പറയുന്നത് കേട്ട് ദീപ് ചിരിച്ചു.

“ഇങ്ങ് വന്നേ ഞാൻ ചോദിക്കട്ടെ ”

ഉമ്മറത്തെ തിണ്ണയിൽ അവളെ തന്നോട് ചേർത്തു പിടിച്ചവൻ ഇരിപ്പുറപ്പിച്ചു. അവളുടെ ശരീരമൊന്നാകെ വിറച്ചു. തല ഉയർത്താൻ പോയിട്ട് ഒന്നനങ്ങാൻ പോലും ആവാത്ത അവസ്ഥ. അതോടൊപ്പം അമ്മ കണ്ടാൽ എന്ത് വിചാരിക്കും എന്ന ചിന്ത അവളെ ആശയ കുഴപ്പത്തിലാക്കി.

“സംസാരിക്കാനൊക്കെ ആരെങ്കിലും പഠിപ്പിക്കണോ ങേ ”

“അ… അങ്ങനെയല്ല ദീപേട്ടാ. വെറുതെ മിണ്ടാൻ എന്തോ അറിയില്ല. ”

“കുഞ്ഞിലേ മുതൽ ഇങ്ങനാണോ ”

“മ്മ്…”

“അതെന്താ അങ്ങനെ ”

“അറിയില്ല ”

“എന്നാൽ ഇനി അറിഞ്ഞോണം. ഇങ്ങനെ മിണ്ടാതെ ഇരുന്നാൽ എങ്ങനാ. എനിക്ക് കലപില കൂട്ടുന്ന ഭാര്യയെയാ ഇഷ്ടം ”

ദീപ് ഒരല്പം കടുപ്പത്തിൽ പറഞ്ഞതും അവൾ കുനിഞ്ഞിരുന്നു.

“പേടിച്ചോ ”

“മ്മ്…”

” ഞാൻ ഗൗരവത്തിൽ ആയാലേ ഇങ്ങനെയാ. ”

“മ്മ്…”

“ഇനിയെന്താ പരിപാടി ”

“എന്ത് പരിപാടി ”

“ജോലിക്കൊന്നും നോക്കുന്നില്ലേ ”

“മ്മ്… ഹും ”

“അതെന്താ ”

“ഞാൻ ഇവിടെ നിന്നോളം ദീപേട്ടാ. എനിക്കിതാ ഇഷ്ടം ”

അവൾ ചെറുചിരിയോടെ മുഖം താഴ്ത്തി. എത്ര സംസാരിക്കാൻ ശ്രമിച്ചിട്ടും അവളാണെങ്കിൽ അടുക്കുന്ന ലക്ഷണമൊന്നും ഉണ്ടായില്ല. ചോദിക്കുന്നതിന് മാത്രം അളന്നു മുറിച് മറുപടി പറഞ്ഞു കൊണ്ടിരുന്നപ്പോൾ ദീപിന് ചെറിയ തോതിൽ ദേഷ്യം വന്നു തുടങ്ങിയിരുന്നു. അവളെ മാറ്റുക അത്ര എളുപ്പമല്ലെന്ന് അവന് അതോടെ ഉറപ്പായി. എങ്കിലും ദേഷ്യം പുറമെ കാണിക്കാതെ വീണ്ടും സംസാരിക്കാൻ തുടങ്ങുമ്പോഴാണ് ലളിത അവരെ പ്രാതൽ കഴിക്കാൻ വിളിച്ചത്. അതോടെ തീർത്ഥയുടെ നോട്ടം ലളിതയിലേയ്ക്ക് നീണ്ടു. അത് കണ്ടിട്ടും ദീപ് അനങ്ങാതെ ഇരുന്നു. അവളുടെ ചലനമറിയുക എന്നതായിരുന്നു അവന്റെ ലക്ഷ്യം.

അവൾ പിടഞ്ഞെഴുന്നേറ്റ് ലളിതയെ നോക്കി. അവിടെ സ്ഥിരം ഭാവമാണ്. അല്ലെങ്കിലും ലളിതയുടെ മുഖത്ത് എപ്പോഴും ഒരു വാത്സല്യമാണ് നിറഞ്ഞു നിൽക്കുന്നത്. പ്രായം അറുപതായെങ്കിലും അത് അംഗീകരിക്കാൻ മടിക്കും പോലെ ശരീരം ചെറുപ്പമാണ്. അത്യാവശ്യം വണ്ണമുണ്ടെങ്കിലും ഐശ്വര്യം നിറഞ്ഞ മുഖം. നീളമേറിയ മുടിയുടെ തുമ്പ് അറ്റത്തു വെച്ച് കെട്ടിയിട്ടിട്ടുണ്ട്. ശരീരത്തിന്റെ നിറം എടുത്തു കാണിക്കും വിധം കടും നിറമുള്ള സാരികളെ അവർ ധരിക്കു. ഭർത്താവിനോടുള്ള സ്നേഹവും ആദരവും നിറഞ്ഞു പ്രകടിപ്പിക്കും പോലെ ചുമപ്പ് ജ്വലിക്കുന്ന സീമന്ത രേഖയും അതിന് താഴെയുള്ള വലിയ സിന്ദൂരപൊട്ടും അവരെ കൂടുതൽ മനോഹരി ആക്കിയിരുന്നു. ലളിത തീർത്ഥയുടെ മുഖത്തേയ്ക്ക് നോക്കി. അവിടെ വെപ്രാളം.

“അത് അമ്മേ…”

“എന്താ തീർത്ഥ ”

“അല്ല അത്… ഞ്… ഞാൻ ”

“ഞാൻ ഒന്നും ചോദിച്ചില്ലല്ലോ. വാ ആഹാരം എടുത്തു വെച്ചിട്ടുണ്ട് ”

അവർ തിരിഞ്ഞു നടക്കുമ്പോൾ ഇടയ്ക്കൊന്ന് തിരിഞ്ഞു നോക്കി. ദീപിനെ നോക്കിയ അവർക്കും ചിരി വന്നു. ഇല്ലാത്ത കാര്യത്തിന് പേടിച്ച് നിൽക്കുന്ന തീർത്ഥയുടെ ഭാവങ്ങൾ കണ്ട് ചിരി കടിച്ചു പിടിച്ചിരിക്കുകയാണ് അവൻ. ലളിത തലയാട്ടി അകത്തേയ്ക്ക് നടന്നു . അമ്മയുടെ സാമീപ്യം മാറിയതും അവൻ അവളുടെ കൈയ്ക്ക് പിടിച്ചു വലിച്ചു . അപ്രതീക്ഷിതമായത് കൊണ്ട് അവൾ നേരെ വന്നു വീണത് ദീപിന്റെ മടിയിലേയ്ക്കാണ്. അവനും ആ വീഴ്ചയിൽ പേടിച്ചുപോയി. അവൻ തന്റെ മടി തട്ടിലേയ്ക്ക് നോക്കി. കണ്ണ് മിഴിച് നിറ കണ്ണുകളോടെ ദീപിനെ നോക്കുകയാണവൾ.

“മ്മ്…”

ദീപ് പിരികം പൊക്കി ചോദിച്ചതും അവൾ കണ്ണൊന്നു ചിമ്മി. അവന് അവളുടെ നെറ്റിയിൽ ഒന്ന് ചുംബിക്കാൻ തോന്നി. ഏറെ ആലോചിച്ചു. പിന്നെ അവളെ നോക്കി.

“ഞാനൊന്ന് ചുംബിച്ചോട്ടെ ”

അവളൊന്ന് ഞെട്ടിയോ?.

അടുത്ത നിമിഷം തന്നെ അവന്റെ അധരങ്ങൾ അവളുടെ നെറുകയിൽ പതിഞ്ഞു. പൂവിനെക്കാൾ നൈർമല്യമുള്ള എന്തോ ഒന്ന് തന്റെ നെറ്റിയിൽ പതിഞ്ഞപോലെയാണ് അവൾക്ക് തോന്നി. കണ്ണുകൾ ഇറുക്കെയടച്ച് അവളാ ചുംബനം നിറഞ്ഞ ചുംബനം സ്വീകരിച്ചു. ആദ്യ അനുഭവം. പ്രണയത്തോടെ അതിലേറെ കരുതലോടെ തന്നെ ഒരുവൻ ചുംബിച്ചിരിക്കുന്നു. തന്നിലെ പെണ്ണിന്റെ പ്രണയത്തിനായി അവൻ കാത്തിരിക്കുന്നു. അത് തന്റെ സിന്ദൂരചുമപ്പിന്റെയും താലിയുടെയും അവകാശിയാണ്. തന്റെ ഭർത്താവാണ്. അവൾക്ക് നാണം തോന്നി. വിവശമായ എന്തോ ഒന്ന് ശരീരത്തിലേയ്ക്ക് അലിഞ്ഞു ചേരും പോലെ വികാരങ്ങൾ നുരഞ്ഞു പൊന്തുന്നു.

അവൻ പതിയെ തലയുയർത്തി അവളെ നോക്കി. കണ്ണുകളടച്ച് കിടക്കുകയാണവൾ. ആ ചുംബനം ആസ്വദിക്കും പോലെ! ആസ്വാദിച്ചത് പോലെ!. അവൻ വീണ്ടും അവളിലേയ്ക്ക് ചുണ്ടമർത്തി. സീമന്തരേഖയിലെ സിന്ദൂര ഗന്ധം ആസ്വദിച്ചു കൊണ്ടൊരു നനുത്ത ചുംബനം. അവൾ കണ്ണുകൾ ചിമ്മി തുറന്നവനെ നോക്കി. ഒന്നും വ്യക്തമാകുന്നില്ല. അകത്തു നിന്ന് വീണ്ടും വിളി വന്നതോടെ ദീപ് അവളുടെ നെറ്റിയിൽ നിന്നും മുഖം അടർത്തി മാറ്റി.

അപ്പോഴും ചെറുചിരിയോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി കിടക്കുവാണവൾ. അവൻ പിരികം പൊക്കി ചോദിക്കുമ്പോഴാണ് അവൾക്ക് ചമ്മൽ തോന്നിയത്. എണീക്കാൻ മടിച്ചവൾ പെട്ടെന്ന് തന്നെ അവന്റെ വയറിലേയ്ക്ക് മുഖം പൂഴ്ത്തി കൈകളാൽ അവനെ വലയം ചെയ്തു.

“ദീപേ… എന്ത് ചെയ്യുവാ രണ്ടും കൂടി. ”

ലളിത വീണ്ടും ഉമ്മറത്തേയ്ക്ക് വന്നതോടെ തീർത്ഥ ചാടി എഴുന്നേറ്റു. അമ്മയുടെ നോട്ടത്തിൽ അതുവരെ നാണിച്ചു നിന്നവളുടെ ഭാവങ്ങൾ എങ്ങോ ഒളിഞ്ഞു നിന്നു. അമ്മയ്ക്ക് പുഞ്ചിരി നൽകി അകത്തേയ്ക്ക് നടന്നപ്പോൾ അവളൊന്ന് തിരിഞ്ഞു നോക്കി. അമ്മയുടെ നേരെയാണ് മുഖമെങ്കിലും അവന്റെ കണ്ണുകൾ തന്നിലേയ്ക്ക് പതുങ്ങി വന്നതവൾ അറിഞ്ഞു. പെട്ടെന്ന് ലളിത കൈയുയർത്തി കളിയോടെ അവനെ തല്ലിയതും അവൾ വേഗത്തിൽ അപ്പുറത്തേയ്ക്ക് നടന്നു.

“ഡാ ചെറുക്കാ… ഇങ്ങോട്ട് നോക്ക്. അവൾക്കേ വഴിയറിയാം”

“എന്താ അമ്മേ… പറ ”

അവൻ കൊഞ്ചുംപോലെ ആ തുടുത്ത കവിളുകളിൽ വലിച്ചു. അവർ അവനെ കൂർപ്പിച്ചു നോക്കി.

“പുതുമോടിയാണ്. അപ്പോഴേ കിന്നാരം പറച്ചിലൊക്കെ അങ്ങ് മുറിയിൽ മതി കേട്ടോ. കൊച്ചു വെളുപ്പാൻ കാലത്ത് ഉമ്മറത്തിരുന്നാ അവന്റെ കൊഞ്ചൽ. ആരേലും കണ്ടാ നാണക്കേടാ ചെറുക്കാ”

“അതിനെന്താ ഞാനവൾക്കൊരു ഉമ്മ കൊടുത്തിനാണോ അമ്മേ ഇങ്ങനെ ”

“ഉവ്വ. ഞാൻ കൂടുതൽ പറയുന്നില്ല. വാ അങ്ങോട്ട്.”

ലളിത ചിരിച്ചുകൊണ്ട് തിരിഞ്ഞു നടന്നതും ദീപ് അവരെ അനുഗമിച്ചുകൊണ്ട് അകത്തേയ്ക്ക് നടന്നു.

(തുടരും..... )
 
തുടർകഥ വായിക്കുവാൻ കാത്തിരിക്കൂ....

Post a Comment